നാം മറക്കുന്നതെന്തുകൊണ്ട്?
നാമെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറവിയുടെ ഇരകളാണ്. ആളുകളെ കാണുന്നതിന് മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്റ്‌മെന്റുകള്‍ നാം മറന്നുപോകുന്നു, താക്കോലുകള്‍ എവിടെയെങ്കിലും വെച്ചു മറന്നുപോകുന്നു, പഠിച്ച പാഠഭാഗങ്ങള്‍ മറന്നുപോകുന്നു... എന്തിനേറെ തിരക്കുകള്‍ക്കിടയില്‍ സമയത്തിനു ഭക്ഷണം കഴിക്കാന്‍പോലും മറന്നുപോകുന്നവരുണ്ട്. എന്തുകൊണ്ടായിരിക്കാമത്?
മറവിരോഗ (Amnesia) മുള്ള ആളുകള്‍ക്ക് ഭൂതകാലത്തിലെ ഒരു പ്രത്യേക പോയിന്റിന് അപ്പുറമുള്ള കാര്യങ്ങളൊന്നും ഓര്‍ക്കാനാകില്ലത്രേ. എന്നാല്‍ വിചിത്രമെന്നു പറയട്ടെ സംഗീതാഭിരുചി, ഗണിതത്തിലുള്ള അഭിരുചി പോലുള്ള പ്രത്യേക കഴിവുകള്‍ അവരില്‍ നിലനില്ക്കുകയും ചെയ്യും. മറ്റു ചില മറവിരോഗാവസ്ഥകളില്‍ ഹ്രസ്വകാല ഓര്‍മകളെ ദീര്‍ഘകാല ഓര്‍മകളിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനാവാത്തതായിരിക്കും പ്രശ്‌നം. സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന ആളുകളെപ്പോലും അവര്‍ക്ക് ഓര്‍ക്കാനാവില്ല. മറവിക്കു പിന്നിലുള്ള മനഃശാസ്ത്രപരമായ കാരണങ്ങള്‍ ഇന്നും പൂര്‍ണമായി ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ലെങ്കിലും കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍ മറവിക്കു പിന്നിലെ മറിമായങ്ങള്‍ വിശദീകരിക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും സഹായകമാകുമെന്നതു തീര്‍ച്ച.
'ഓര്‍മശക്തി വര്‍ധിപ്പിക്കാം' വാങ്ങാം
ആധുനിക മനഃശാസ്ത്രവിദഗ്ധരുടെ അഭിപ്രായത്തില്‍ മറവി മുഖ്യമായും ആറു കാരണങ്ങളാലാണ് സംഭവിക്കുന്നത്: കാര്യങ്ങള്‍ ശരിയായ വിധത്തില്‍ മനസ്സില്‍ പതിയാതിരിക്കല്‍ (Weak Impression), ഉപയോഗരാഹിത്യം (Disuse), ഇടപെടല്‍ (Interference), വീണ്ടെടുക്കുന്നതില്‍ പരാജയപ്പെടല്‍ (Retrieval Failure), പ്രേരിതമറവി (Motivated Forgetting), നിര്‍മാണപ്രക്രിയ (Constructive Process).
നന്നായി പതിയാതിരിക്കല്‍ (Weak Impression)
തെളിമയുള്ള ചിത്രങ്ങള്‍ കിട്ടാന്‍ ക്യാമറ കൃത്യമായി ഫോക്കസ് ചെയ്യണം. അതുപോലെത്തന്നെ മനസ്സിന്റെ ക്യാമറ കൃത്യമായി ഫോക്കസ് ചെയ്യുമ്പോഴേ തലച്ചോറില്‍ മിഴിവുള്ള 'ചിത്രങ്ങള്‍' പതിയൂ. അത്തരം ചിത്രങ്ങളെ നമുക്ക് വേണ്ടിടത്തോളം കാലം തെളിമയോടെ നിലനില്ക്കൂ. മനസ്സിന്റെ ഫോക്കസ്സിങ്ങാണ് ശ്രദ്ധ. ഓര്‍മിക്കേണ്ട കാര്യങ്ങള്‍ മനസ്സില്‍പ്പതിയാന്‍ ആവശ്യത്തിന് സമയമെടുത്ത് ബോധപൂര്‍വംതന്നെ ശ്രദ്ധ പതിപ്പിക്കുക. ശരിക്കും മനസ്സില്‍ പതിയാത്ത കാര്യങ്ങള്‍ സ്വാഭാവികമായും പെട്ടെന്നു മറന്നുപോകും. ഇക്കാര്യം ചെറിയൊരു ഉദാഹരണത്തിലൂടെ സമര്‍ഥിക്കാം. പുതിയ ആളുകളെക്കാണുമ്പോള്‍ നാം പേരു ചോദിച്ചുകൊണ്ടാണ് പരിചയപ്പെടാറുള്ളത്. എന്നാല്‍ ഭൂരിഭാഗം ആളുകളും കേട്ടമാത്രയില്‍ത്തന്നെ പേരുകള്‍ മറന്നുപോകാറുണ്ടെന്നുള്ളതല്ലേ സത്യം. പിന്നീട് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ പേര്‍ ഓര്‍ക്കാനൊത്തില്ലെങ്കില്‍ നാം വേവലാതിപ്പെടുകയും ചെയ്യും. എന്നാല്‍ പരിചയപ്പെടുന്ന സമയത്ത് കേട്ട പേര്‍ ഏതാനും പ്രാവശ്യം മൗനമായി ഉരുവിട്ട് മനസ്സില്‍ ശക്തമായി പതിപ്പിച്ചിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നോ?, ചുരുങ്ങിയത് 'വീണ്ടും ഓര്‍ക്കേണ്ടി വന്നേക്കാവുന്ന പേരാകയാല്‍ അതു ഞാന്‍ ഒന്നുകൂടി മനസ്സിലുറപ്പിക്കട്ടെ' എന്നു വെറുതെയെങ്കിലുമൊന്നു ചിന്തിച്ചിരുന്നെങ്കില്‍ അത് അത്ര പെട്ടെന്നു മറന്നുപോകുമായിരുന്നോ?
ശ്രദ്ധയില്‍നിന്നാണ് ഏകാഗ്രത ഉടലെടുക്കുന്നത്; ഏകാഗ്രതയില്‍നിന്ന് ശ്രദ്ധയും. അതുകൊണ്ട് ശ്രദ്ധയും ഏകാഗ്രതയും പരസ്പരപൂരകങ്ങളാണെന്നു പറയാം.
ഉപയോഗരാഹിത്യം
മനസ്സില്‍ പതിഞ്ഞ കാര്യങ്ങള്‍തന്നെ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാതിരുന്നാല്‍ കാലക്രമത്തില്‍ മാഞ്ഞുപോകും. വായിക്കുമ്പോഴും മറ്റും വളരെ നന്നായി മനസ്സിലാക്കിയ കാര്യങ്ങള്‍പോലും ഇടയ്ക്ക് ഓര്‍മ പുതുക്കാതിരുന്നാല്‍ ദിവസങ്ങള്‍ക്കുശേഷം മറന്നുപോകുക സാധാരണമാണ്. രാവിലെ വായിക്കുന്ന കാര്യങ്ങള്‍ വൈകുന്നേരമാകുമ്പോഴേക്കും മറന്നു പോകുന്നുവെന്ന് ചിലര്‍ പരാതിപ്പെടുന്നതു കേട്ടിട്ടില്ലേ. അതില്‍ ഒട്ടും അസ്വാഭാവികതയില്ലെന്നാണ് പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ എബ്ബിന്‍ഗോസ് (Ebbinghauz) പറയുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു ശരാശരി വായനക്കാരന്‍ താന്‍ വായിച്ച കാര്യങ്ങള്‍ റിവ്യൂ ചെയ്യാത്തപക്ഷം വായിക്കുന്നതിന്റെ 56 ശതമാനവും വായന കഴിഞ്ഞ് ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ മറന്നുപോകും. തുടര്‍ന്ന് ഒന്‍പതു മണിക്കൂറിനുശേഷം 8 ശതമാനവും രണ്ടു ദിവസങ്ങള്‍ക്കു ശേഷം 6 ശതമാനവും ഒരു മാസം തികയുമ്പോള്‍ വീണ്ടും 7 ശതമാനവും വീതം മറന്നുപോകുമത്രേ. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ മറന്നുപോകുന്നതിന്റെ 70 ശതമാനവും സംഭവിക്കുന്നത് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിലാണ്. ഇടയ്ക്കിടെ റിവ്യൂ ചെയ്തുകൊണ്ടും അല്ലാതെയുമുള്ള വായനയ്ക്കുശേഷം ഉണ്ടാകാനിടയുള്ള മറവിയുടെ തോത് മനസ്സിലാക്കാന്‍ ചിത്രം. 2 കാണുക. (പഠിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കാതിരിക്കാന്‍ എങ്ങനെ റിവ്യൂ ചെയ്യണമെന്ന് മറ്റൊരധ്യായത്തില്‍ സവിസ്തരം വിശദീകരിക്കുന്നുണ്ട്).
ഇടപെടല്‍
നേരത്തെ പഠിച്ചുവെച്ച - ഓര്‍മയില്‍ രജിസ്റ്റര്‍ ചെയ്തുവെച്ച - കാര്യങ്ങള്‍ ചിലപ്പോഴെല്ലാം പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും ഓര്‍മിക്കുന്നതിനും തടസ്സമായി ഭവിക്കാറില്ലേ? ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വിശദീകരിക്കാം. നിങ്ങള്‍ നിലവിലെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി പുതിയൊരു സര്‍വീസ് പ്രൊവൈഡറുടെ നമ്പര്‍ സ്വീകരിക്കുന്നതായി സങ്കല്പിക്കുക. എങ്കില്‍ പുതിയ നമ്പര്‍ ഓര്‍മിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പഴയ നമ്പര്‍ ഇടയ്ക്കുകയറി നിങ്ങളുടെ ഓര്‍മയെ തടസ്സപ്പെടുത്താറില്ലേ. പുതിയ നമ്പര്‍ തീര്‍ത്തും മനസ്സിലുറയ്ക്കുന്നതുവരെ കുറച്ചു കാലത്തേക്കെങ്കിലും ഈ പ്രശ്‌നം തുടരുകയും ചെയ്‌തേക്കാം. പുതിയ നമ്പര്‍ മനസ്സിലുറച്ചുകഴിഞ്ഞാല്‍ ആദ്യത്തെ നമ്പര്‍ മറന്നുപോകുകയും ചെയ്യും. 'ഇടപെടല്‍' (Interference) കാരണം ഓര്‍മിക്കുന്നതിനുള്ള പ്രയാസത്തെയും മറവിയെയും എടുത്തുകാണിക്കുന്ന മികച്ച ഒരുദാഹരണമാണിത്.
ഇതേ സംഗതിതന്നെ പഠനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ എങ്ങനെ സംഭവിക്കുന്നുവെന്നു നമുക്കു മറ്റൊരു ഉദാഹരണത്തിലൂടെ പരിശോധിക്കാം. നിങ്ങളൊരു പുസ്തകത്തിലെ ആദ്യത്തെ അധ്യായം ശ്രദ്ധാപൂര്‍വം വായിക്കുന്നു. വായിച്ച കാര്യങ്ങളെല്ലാം ഒരു പരിധിവരെയെങ്കിലും ഓര്‍മയില്‍ തങ്ങിനില്ക്കും. ഇല്ലേ? തുടര്‍ന്ന് രണ്ടാമത്തെ അധ്യായവും മൂന്നാമത്തെ അധ്യായവും വായിച്ച് ക്രമത്തില്‍ അഞ്ചാമത്തെയോ പത്താമത്തെയോ അധ്യായംവരെയെത്തുന്നു. ഇനി ആദ്യത്തെ അധ്യായത്തില്‍ വായിച്ച കാര്യങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിച്ചുനോക്കുകയാണെങ്കില്‍ എന്തു സംഭവിക്കും? കുറേയേറെ കാര്യങ്ങള്‍ മറന്നുപോയിട്ടുണ്ടാകും, ഇല്ലേ? എന്നാല്‍ നിങ്ങള്‍ ആദ്യത്തെ അധ്യായത്തോടുകൂടിതുടര്‍ന്നു വായിക്കാതെ വായന നിര്‍ത്തിയിരുന്നെങ്കില്‍ ആ അധ്യായത്തിലെ കുറേക്കൂടി ഏറെ കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ലേ? ആദ്യം പഠിച്ച കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കുന്നതിന് ഒരു പരിധിവരെയെങ്കിലും തടസ്സം നില്ക്കുന്നത് പിന്നീടു വായിച്ച കാര്യങ്ങളാണെന്നല്ലേ ഇതില്‍നിന്നും നാം ഊഹിക്കേണ്ടത്. ഇതുപോലെ ആദ്യ ഓര്‍മകളെ തുടര്‍ന്നുവരുന്ന ഓര്‍മകള്‍ ഇടപെട്ടു തടസ്സപ്പെടുത്തുന്ന പ്രതിഭാസത്തെയാണ് 'ഇടപെടല്‍' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് റെട്രോആക്ടീവ് (Retroactive) പ്രോആക്ടീവ് ( Proactive) എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്.
റെട്രോആക്ടീവ് ഇടപെടല്‍
'ആ സ്വപ്‌നത്തിന്റെ അവസാനം ഞാന്‍ ഞെട്ടിയുണര്‍ന്നു. സ്വപ്‌നത്തില്‍ കണ്ട കാര്യങ്ങള്‍ ഒന്നൊന്നായി, വളരെ വ്യക്തമായി, ഓര്‍ത്തുകൊണ്ടു കിടക്കവേ ഞാന്‍ വീണ്ടും ഉറങ്ങിപ്പോയി. പക്ഷേ, കാലത്തുണര്‍ന്നപ്പോള്‍ ഒന്നുംതന്നെ ഓര്‍മയില്ല.!' - ഇങ്ങനെയെല്ലാം ആളുകള്‍ പറഞ്ഞുകേള്‍ക്കാറില്ലേ. നിങ്ങള്‍ക്കുമുണ്ടായിട്ടില്ലേ ഇതുപോലുള്ള അനുഭവങ്ങള്‍?ന
റെട്രോആക്ടീവ് ഇടപെടലിന്റെ ഒന്നാന്തരമൊരു ഉദാഹരണമാണിത്. ഒരുപക്ഷേ, രണ്ടാമത്തെ ഉറക്കത്തിനിടയില്‍ കക്ഷി വേറെയും സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കാം. (ഓരോ ദിവസവുമുള്ള ഉറക്കത്തിനിടയില്‍ നാം നൂറുകണക്കിന് സ്വപ്‌നങ്ങള്‍ കാണുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
No comments:
Post a Comment